കാസർഗോഡ്: ഒരു മേൽപ്പാലം അടച്ചിടുകയും അവശേഷിച്ച മേൽപ്പാലത്തിന്റെ ലിഫ്റ്റ് പണിമുടക്കുകയും ചെയ്തതോടെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ വയോധികരും രോഗികളുമായ യാത്രക്കാരെ ഒപ്പമുള്ളവർ കസേരയിലിരുത്തി ചുമന്ന് പാളം മുറിച്ചുകടക്കേണ്ടിവരുന്ന സ്ഥിതിയായി. ഇന്നലെ നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ റെയിൽവേ സ്റ്റേഷനിൽ ഈ കാഴ്ച പലതവണ ആവർത്തിച്ചു.
വയോധികർക്കും ഒപ്പമുള്ളവർക്കുമുണ്ടാകുന്ന വിഷമത്തിനൊപ്പം ഇടയ്ക്കിടെ സൂപ്പർഫാസ്റ്റ് ട്രെയിനുകൾ അമിതവേഗതയിൽ കടന്നുപോകുന്ന റെയിൽപാത ഈ നിലയിൽ മുറിച്ചുകടക്കുന്നതിന്റെ അപകടസാധ്യതയും യാത്രക്കാർ ചൂണ്ടിക്കാട്ടി. ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നതിനും അടച്ചിട്ട മേൽപ്പാലം അറ്റകുറ്റപണികൾ നടത്തി വീണ്ടും ഉപയോഗസജ്ജമാക്കുന്നതിനുമാവശ്യമായ അടിയന്തിര നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ആവശ്യം.